മനസ്സിന്റെ താളം
മനസ്സ് ബഹുരൂപമാണ്, അത് എപ്പോഴും പുറമേ നിന്നുള്ള ശബ്ദങ്ങളുടെയും ചലനങ്ങളുടെയും താളത്തിനൊപ്പമാണ് സഞ്ചരിക്കുന്നത്. പുറമേ നിന്നുള്ള ഒന്നിനും നമ്മെ സ്ഥിരമായി ശാന്തമാക്കാനാകില്ല ചിലപ്പോൾ സുഖം തോന്നിയേക്കാം, എന്നാൽ അതെല്ലാം നൈമിഷികമാണ്. എന്നാൽ ഉള്ളിലേയ്ക്ക് ശ്രദ്ധിക്കുമ്പോൾ ശ്വസനത്തിനു താളമുണ്ട്, ഹൃദയമിടിപ്പിന് താളമുണ്ട്, ഉള്ളിൽ അനുഭവപ്പെടുന്ന ശബ്ദങ്ങൾക്ക് താളം ഉണ്ട്. സാവധാനം മനസ്സിനെ ഈ താളങ്ങളുമായി ചേർത്ത് ചേർത്ത് കൊണ്ട് വരിക. മനസ്സ് നല്ലവണ്ണം ചേർന്ന് കഴിയുമ്പോൾ പ്രാണനും ആ താളത്തോട് ചേരുന്നു. ഇവിടെയെല്ലാം ചെറുതായി ശാന്തിയും സുഖവും അനുഭവപ്പെടുന്നു. അതിന്റെ പൂർണാവസ്ഥയിൽ മനസ്സ് ധ്യാനസ്ഥിതി കൈവരിക്കുന്നു. അപ്പോൾ പൂർണമായ ആത്മസുഖം അനുഭവപ്പെടുന്നു.
ഇത് ഒരു ദിവസം കൊണ്ട് നമുക്ക് നേടാനാവില്ല, ദീഘകാലം നിരന്തരമായി ചെയ്യേണ്ടുന്ന അഭ്യാസമാണ്. ജപിക്കുമ്പോഴും ഇത് തന്നെയാണ് സംഭവിക്കുന്നത്. മനസ്സ് മെല്ലെ മെല്ലെ ജപത്തിന്റെ താളത്തിലേയ്ക്ക് ചേർന്ന് ചേർന്ന് ധ്യാനാവസ്ഥ കൈവരിക്കുന്നു. ജപിക്കുമ്പോഴായാലും ശ്വാസത്തെ ശ്രദ്ധിക്കുമ്പോഴായാലും ഉള്ളിലുള്ള നാദത്തെ ശ്രദ്ധിക്കുമ്പോഴായാലും മനസ്സ് സുഖകരമായ താളത്തിലാകും. ഇവിടെ സൂക്ഷ്മമായ ശ്രദ്ധയോടെ, അവബോധത്തോടെ ഇരുന്നാൽ മാത്രമേ മാത്രമേ ആ താളം ലഭിക്കുകയുള്ളൂ. അത് ലഭിച്ചു കഴിഞ്ഞാൽ അതിൽ അചലമായി നിൽക്കുക എന്നത് വളരെ ശ്രമകരമായതാണ്. അങ്ങിനെ നിരന്തരമായ അഭ്യാസത്താലും ഈശ്വര,ഗുരു കൃപയാലും ലഭിക്കുന്ന ആ മനോഹരമായ സുഖകരമായ ശാന്തസുന്ദരമായ ആ താളത്തിൽ അലിയുക...
