Ahimsa
പാതഞ്ജല യോഗസൂത്രത്തിൽ, യമത്തിൽ ആദ്യമായി പറയുന്നത് അഹിംസയാണ് . സസ്യേതര ഭക്ഷണങ്ങൾ കഴിക്കാതിരിക്കുന്നത് മാത്രമല്ല അഹിംസ . ചിന്ത കൊണ്ടോ, വാക്ക് കൊണ്ടോ, പ്രവൃത്തി കൊണ്ടോ ആരെയും വേദനിപ്പിക്കാതിരിക്കുക എന്നത് തന്നെയാവും യോജിക്കുക. അഹിംസ പരിശീലിക്കുന്നതിലൂടെ മനസ്സിനെയും, ശരീരത്തിനെയും ശുദ്ധീകരിക്കുന്നു.
ചിന്തകളെ സസൂക്ഷ്മം ശ്രദ്ധിക്കുകയും നിരീക്ഷിക്കുകയും ചെയ്തുകൊണ്ടിരിക്കുക. അതു പോലെ തെറ്റുകൾ തിരുത്തി തിരുത്തി ശുദ്ധ സങ്കല്പങ്ങളിലൂടെ മനസ്സിനെ ശുദ്ധീകരിക്കാം. എനിക്ക് വേദനിക്കുന്നതുപോലെ ജന്തുമൃഗാദികൾ ഉൾപ്പെടെ എല്ലാവർക്കും വേദന ഉണ്ടാകുന്നതായി അറിയുക. എനിക്ക് വിശപ്പുള്ളതുപോലെ ജന്തുമൃഗാദികൾ ഉൾപ്പെടെ എല്ലാവർക്കും വിശപ്പുള്ളതായി അറിയുക. എനിക്കു ജീവിക്കാൻ ആഗ്രഹമുള്ളതുപോലെ ജന്തുമൃഗാദികൾ ഉൾപ്പെടെ എല്ലാവർക്കുംജീവിക്കാൻ ആഗ്രഹമുണ്ട്. അഹിംസ പരിശീലിക്കുവാൻ ഇത് തന്നെ ധാരാളം.
വിശന്നില്ലെങ്കിലും സമയം മാത്രം നോക്കി ആവശ്യത്തിലേറെ ഭക്ഷിക്കുമ്പോൾ ദിവസങ്ങളായി ഭക്ഷണം കിട്ടാത്ത എല്ലും തോലുമായിരിക്കുന്ന ജീവികളെ പ്രത്യേകിച്ച് തെരുവുകളിൽ അലയുന്ന നായകൾക്ക് എന്തെങ്കിലും നൽകുക.
ഈ പ്രപഞ്ചത്തിലെ എല്ലാത്തിനെയും താനായി തന്നെ കാണുക. ഒന്നിനെയും വേദനിപ്പിക്കാത്ത പ്രവർത്തികൾ നമ്മളിൽ നിന്നുണ്ടാകട്ടെ. അഹിംസ പരിശീലിക്കുന്നതിലൂടെ ശാന്തി ഉണ്ടാകുന്നത് അറിയുക.