Say Thanks to all for Food
ഭാരതത്തിൽ പൊതുവെ ഭക്ഷണത്തിനു മുൻപ് പ്രാർത്ഥിക്കുന്ന പതിവുണ്ട്. അഹം വൈശ്വാനരോ ഭൂത്വാ പ്രാണിനാം ദേഹമാശ്രിതഃ । പ്രാണാപാൻ സമായുക്തഃ പച്ചാമ്യന്നം ചതുർവിധം ॥
ജീവന്റെ അഗ്നിയായി ഞാൻ (ഭഗവാൻ) എല്ലാ ജീവജാലങ്ങളുടെയും ശരീരങ്ങളിൽ പ്രവേശിച്ച് മുകളിലേക്കും താഴേക്കും ഉള്ള ശ്വാസത്തിൽ ലയിച്ച് നാല് തരം ഭക്ഷണം ദഹിപ്പിക്കുന്നു.
മേല്പറഞ്ഞ ജീവന്റെ അഗ്നി എല്ലാ ജീവജാലങ്ങളിലും ഒന്ന് തന്നെയാണ്. അതായത് എന്റെ വിശപ്പ് തന്നെയാണ് മറ്റുള്ളവർക്കും, തെരുവുനായക്കും അത് പോലെ മറ്റു ജീവികൾക്കും അനുഭവപ്പെടുന്നത്. അതുകൊണ്ട് അന്നം നിഷേധിക്കുന്നത് അധികാരികളായലും, വിധി പ്രസ്താവിക്കുന്ന ജഡ്ജിയായാലും പാപം തന്നെയാണ്.
ഒരു ആചാര്യൻ പറഞ്ഞ രസകരമായ ഒരു കഥ പറയാം. ഒരു ദിവ്യന് സമീപം തല പൊട്ടി ചോരയൊലിപ്പിച്ചു കൊണ്ട് ഒരു നായ വന്ന് സങ്കടം പറയുന്നു. ഈ ക്ഷേത്രത്തിൽ തൂകിയ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ അവിടത്തെ കഴകക്കാരൻ വന്ന് കയ്യിലുള്ള പാത്രം കൊണ്ടടിച്ചു എന്റെ തല പൊട്ടിച്ചു. അതുകൊണ്ട് ദയവുണ്ടായി അയാളെ ഇവിടുത്തെ കണക്കെഴുത്തുകാരനാക്കണം. ദിവ്യൻ അത്ഭുതപൂർവം ചോദിച്ചു, നിന്നെ ഉപദ്രവിച്ച ആളുടെ ഉയർച്ചയ്ക്ക് നീ എന്തിനാണ് അപേക്ഷിക്കുന്നത്. അപ്പോൾ നായ പറഞ്ഞു, ഞാൻ കഴിഞ്ഞ ജന്മത്തിൽ ഈ ക്ഷേത്രത്തിലെ കഴകക്കാരനായിരുന്നു. ജോലിക്കയറ്റം കിട്ടി കണക്കെഴുത്തുകാരനായപ്പോൾ കുറെ തട്ടിപ്പും വെട്ടിപ്പും ഞാൻ നടത്തി. ആ പാപം മൂലമാണ് ഈ ജന്മത്തിൽ ഞാൻ നായയായി പിറന്നിരിക്കുന്നത്. അതിനാൽ അയാൾ കണക്കെഴുത്തുകാരനായാൽ എന്നെ പോലെ തട്ടിപ്പുനടത്തി, അടുത്ത ജന്മത്തിൽ എന്നെ പോലെ നായയായി ജനിക്കുമല്ലോ.
ഭക്ഷണം കഴിക്കുന്നത് നന്ദിയോടെയാകട്ടെ, കാരണം ഞാൻ കഴിക്കുന്ന ഭക്ഷണമാണ് എന്റെ ശരീരവും മനസ്സുമായി പരിണമിക്കുന്നത്. പഞ്ചഭൂതങ്ങളെ നമുക്ക് നേരിട്ട് സ്വീകരിക്കുവാൻ സാധിക്കാത്തതിനാൽ സസ്യങ്ങളിലൂടെ നാം ശേഖരിക്കുന്നു. പഞ്ചഭൂതങ്ങളുടെ സംയോഗമാണ് ഓരോ അന്നവും. അത് സസ്യങ്ങളും ഭംഗിയായി ചെയ്യുന്നു. മണ്ണ് , ജലം, വായു, സൂര്യപ്രകാശം, ചാണകം, കരിയില, ചെളി ഇവയെ എല്ലാത്തിനെയും ശ്രദ്ധയോടെ സ്വീകരിച്ചുകൊണ്ട്, അവയിൽ അനുഷ്ഠിതമായ മധുരം, കയ്പ്, പുളി, എരിവ്, ചവർപ്പ് തുടങ്ങിയ രുചികളിൽ വ്യത്യസ്ത ഫലങ്ങൾ ഉണ്ടാക്കുന്നു. അതേ ശ്രദ്ധയോടെയും അവബോധത്തോടെയും നമുക്കും ഭക്ഷണം സ്വീകരിക്കുവാൻ ആകട്ടെ.
ഞാൻ ഇപ്പോൾ കഴിക്കുന്ന ഭക്ഷണം അത് ലഭിക്കാത്ത ഒരുപാട് മനുഷ്യരും മൃഗങ്ങളും നമുക്ക് ചുറ്റുമുണ്ട്. അവർക്ക് ലഭിക്കാത്തത് എനിക്ക് ലഭിക്കുമ്പോൾ തീർച്ചയായും നന്ദി പറയേണ്ടതല്ലേ. പണമല്ല പ്രധാനം ചിലപ്പോൾ പണം ധാരാളം കയ്യിലുണ്ടായാലും ഭക്ഷണം ലഭിക്കണമെന്നില്ല.
അതുകൊണ്ടു പറയാം നമുക്ക് നന്ദി നന്ദി നന്ദി...